Goodnews Goodnews Goodnews
The No.1 Online Christian News Paper, Your Source for Christian News and Events
Goodnews
GoodNews
Problem Viewing Font??..Click Here

Goodnews
Goodnews
NEWS SECTIONS
 
GN INFO
 
GN SERVICES
 

Vachana Dyanam


ആരാധനയിലെ അന്യാഗ്നി

Posted on Tue, 28 Jul 2009 17:23:53 -0400

ദൈവിക ഉറവുകളില്‍ നിന്നല്ലാത്തത്‌ എന്ന അര്‍ഥത്തിലാണ്‌ അന്യം എന്ന വാക്ക്‌ ഇവിടെ ഉപയോഗിക്കുന്നത്‌. ആരാധനയില്‍ ദൈവിക ഉറവുകളില്‍ നിന്നല്ലാതെ എന്തുണ്ടായാലും അത്‌ അന്യാഗ്നിയാണെന്നുള്ള തിരിച്ചറിവ്‌ നമ്മെ എത്ര ജാഗ്രതയുള്ളവരാക്കണം.
വായന: ലോവ്യ 10: 1-11
``നിങ്ങളോ മരിച്ചുപോകാതിരിക്കേണ്ടതിനു സമാഗമനകൂടാരത്തിന്റെ വാതില്‍ വിട്ടുപോകരുത്‌. യഹോവയുടെ അഭിഷേകതൈലം നിങ്ങളുടെമേല്‍ ഇരിക്കുന്നുവല്ലോ എന്നു പറഞ്ഞു'' (ലോവ്യ. 10: 7).
ഞെട്ടിപ്പിക്കുന്ന ഒരു അനുഭവമാണു നമ്മുടെ ഈ വേദഭാഗത്തു വിവരിച്ചിരിക്കുന്നത്‌. ദൈവത്തിന്റെ യാഗപീഠത്തിലേക്കു പ്രതീക്ഷയോടെ അഗ്നിയുമായി നടന്നടുക്കുന്ന അഭിഷിക്തരായ രണ്ടു പുരോഹിതയുവാക്കള്‍ അവരുടെ പൗരോഹിത്യത്തിന്റെ അരങ്ങേറ്റദിനമായിരുന്നു അത്‌. ഏഴുദിവസം മുമ്പാണു യിസ്രായേലിന്റെ സകലസഭയുടെയും മുമ്പാകെ മോശെ അവരെ പൗരോഹിത്യത്തിന്റെ അങ്കി ധരിപ്പിച്ച്‌ നടുക്കെട്ട്‌ കെട്ടിച്ച്‌ തലപ്പാവും ഇടുവിച്ച്‌ നിര്‍ത്തിയത്‌ (ലേവ്യ. 8: 13). പിന്നെ ഏഴുദിവസം കൂടാരം വിട്ടുപിരിയാതെ ശുദ്ധീകരണവാസം (ലേവ്യ 8: 35). എല്ലാം വിധിപ്രകാരം ചെയ്‌തതാണ്‌. അസാധാരണമായി യാതൊന്നും അവിടെ കാണുന്നില്ല. എന്നാല്‍ അസ്വഭാവികമായി ചിലതവിടെ സംഭവിച്ചു. യഹോവയുടെ സന്നിധിയില്‍ നിന്ന്‌ തീ പുറപ്പെട്ട്‌ അവരെ ദഹിപ്പിച്ചുകളഞ്ഞു. അവര്‍ യഹോവയുടെ സന്നിധിയില്‍ മരിച്ചുപോയി (ലോവ്യ. 10: 2). എന്താണു വാസ്‌തവത്തില്‍ സംഭവിച്ചത്‌? എവിടെയാണു പാളിച്ച പറ്റിയത്‌?
ഇതിനുതൊട്ടുമുമ്പ്‌ ഒമ്പതാം അധ്യായത്തില്‍ സമാഗമനകൂടാരത്തിലെ അഹരോന്റെ കന്നിയാഗത്തില്‍ ദൈവപ്രസാദമുണ്ടായിട്ട്‌ യഹോവയുടെ തേജസ്സ്‌ സകലജനത്തിനും പ്രത്യക്ഷമാവുകയും യഹോവയുടെ സന്നിധിയില്‍ നിന്നുള്ള തീപുറപ്പെട്ട്‌ യാഗപീഠത്തിന്മേലുള്ള ഹോമയാഗവും മേദസ്സും എല്ലാം ദഹിപ്പിച്ചുകളഞ്ഞതുമാണ്‌ (ലേവ്യ. 9: 23,24). ജനമെല്ലാം അതുകണ്ട്‌ ആര്‍ത്തു സാഷ്‌ടാംഗംവീണു.
ദൈവത്തിന്റെ കല്‌പനപ്രകാരമാണ്‌ അഹരോന്‍ യാഗമര്‍പ്പിച്ചത്‌. യഹോവ മോശെയോടു കല്‌പിച്ചപ്രകാരം തന്നെ. എന്നാല്‍ അഹരോന്റെ പുത്രന്മാരോട്‌ അപ്പോള്‍ യാഗമര്‍പ്പിക്കാന്‍ ദൈവം ആവശ്യപ്പെട്ടിരുന്നില്ല. എന്നാല്‍ യാഗാര്‍പ്പണത്തിനുള്ള നാദാബിന്റെയും അബിഹൂവിന്റെയും പ്രേരണ എന്തായിരുന്നു. ഒരുപക്ഷെ പിതാവിന്റെ യാഗാര്‍പ്പണത്തില്‍ ദൈവപ്രസാദമുണ്ടായി അഗ്നിയിറങ്ങിയതുപോലെ വീണ്ടും സ്വര്‍ഗത്തില്‍ നിന്നിറങ്ങുന്ന ഒരു അഗ്നിയായിരിക്കാം അവര്‍ പ്രതീക്ഷിച്ചത്‌. സ്വര്‍ഗത്തില്‍ നിന്ന്‌ അഗ്നിയിറങ്ങി... എന്നാല്‍ അത്‌ അവരെ ദഹിപ്പിക്കുന്നതിനുള്ള അഗ്നിയായിപ്പോയി.
ആ യുവാക്കള്‍- അഹരോന്റെ പുത്രന്മാരായ നാദാബും അബിഹൂവും യഹോവയുടെ സന്നിധിയില്‍ കൊണ്ടുവന്നത്‌ അന്യാഗ്നിയായിരുന്നുവെന്നതു നമ്മുടെ വേദഭാഗത്തു കാണുന്നു (വാ.2). ഈ ഭാഗം ആദ്യംവായിച്ചപ്പോള്‍ ഞാന്‍ ചിന്തിച്ചത്‌ അന്യദൈവങ്ങളുടെ യാഗപീഠത്തില്‍ നിന്ന്‌ അവര്‍കൊണ്ടുവന്ന അഗ്നിയാണിത്‌ എന്നായിരുന്നു.... അന്യദൈവങ്ങളെ ആരാധിച്ചിട്ട്‌ സഭയിലും വന്ന്‌ ആരാധിക്കുന്നവരാണ്‌ അന്യാഗ്നികത്തിക്കുന്നവര്‍ എന്നു ഞാന്‍ ചിന്തിച്ചുപോയി. എന്നാല്‍ ഇവിടെ അങ്ങനെയൊന്നും സംഭവിക്കുന്നില്ല. ഏഴുദിവസം കൂടാരം വിട്ടുപിരിയാതെ ശുദ്ധിയുള്ള സാഹചര്യത്തില്‍ വിശുദ്ധിയുടെ മധ്യത്തില്‍ ജീവിച്ചിട്ടാണ്‌ (ലേവ്യ. 8: 35) അഹരോന്യപുത്രന്മാര്‍ അന്യാഗ്നി കത്തിക്കുന്നത്‌ എന്നു തിരിച്ചറിഞ്ഞപ്പോള്‍ അതു ഭീതിതമായ ഒരു തിരിച്ചറിവായിരുന്നു.
ദൈവിക ഉറവുകളില്‍ നിന്നല്ലാത്തത്‌ എന്ന അര്‍ഥത്തിലാണ്‌ അന്യം എന്ന വാക്ക്‌ ഇവിടെ ഉപയോഗിക്കുന്നത്‌. ആരാധനയില്‍ ദൈവിക ഉറവുകളില്‍ നിന്നല്ലാതെ എന്തുണ്ടായാലും അത്‌ അന്യാഗ്നിയാണ്‌ എന്ന തിരിച്ചറിവ്‌ നമ്മെ എത്ര ജാഗ്രതയുള്ളവരാക്കണം.
``പുറം തിരിയുക'' (turnaside) എന്ന അര്‍ഥവും ഇതിനുണ്ട്‌. അത്‌ അല്‌പംകൂടെ ഭീതിപ്പെടുത്തേണ്ടതാണ്‌ കാരണം, ഭര്‍ത്താവിന്റെ മുഖത്തുനോക്കിയിരിക്കുന്ന ഭാര്യ പെട്ടെന്നു ഭര്‍ത്താവിനെ വിട്ടു മറ്റൊരാളിലേക്കു നോക്കിയാല്‍ - അവിശ്വസ്‌തയായാല്‍- അതിനും ഈ വാക്ക്‌ ഉപയോഗിക്കാം.
ഏഴുദിവസം തങ്ങളെത്തന്നെ ശുദ്ധീകരിച്ച്‌ സമാഗമനകൂടാരത്തില്‍ ദൈവമുഖത്തേക്കു നോക്കിയിരുന്ന നാദാബും അബീഹൂവും ഇപ്പോള്‍ ദൈവത്തില്‍ നിന്നും തിരിഞ്ഞു മറ്റു ചിലതിലേക്കു നോക്കിയിരിക്കുന്നു. സ്വഭാവികമായും നമുക്കു പറയാം അവര്‍ അവരിലേക്കും ജനങ്ങളിലേക്കും നോക്കി... ഓരോ ശ്വാസത്തിലും ദൈവത്തിന്റെ പൂര്‍ണ ഇഷ്‌ടം തിരിച്ചറിയേണ്ട പുരോഹിതന്‍ ഇപ്പോള്‍ ദൈവത്തിന്റെ കല്‌പനയില്ലാതെ തന്നെ യാഗമര്‍പ്പിക്കുന്നത്‌ അവനെത്തന്നെ ഉയര്‍ത്താനും ജനങ്ങളുടെ കയ്യടിവാങ്ങാനുമാണ്‌. തങ്ങള്‍ അഭിഷിക്തരായതുകൊണ്ട്‌ കല്‌പനയില്ലാതെ യാഗമര്‍പ്പിച്ചാലും സ്വര്‍ഗത്തില്‍ നിന്നും അഗ്നിയിറങ്ങുമെന്നും ജനം ആര്‍ത്തുവിളിക്കുമെന്നും അവര്‍ വ്യാമോഹിച്ചുകാണണം. ദൈവത്തിങ്കലേക്കു മാത്രം തിരിഞ്ഞിരിക്കേണ്ട അവരുടെ മുഖം ഇപ്പോള്‍ അവരുടെ ബോധ്യങ്ങളിലേക്കും പ്രശസ്‌തിയുടെ മോഹങ്ങളിലേക്കും തിരിഞ്ഞിരിക്കുന്നു. അവരുടെ അഗ്നിയുടെ ഉറവ ദൈവമല്ല, അവര്‍ തന്നെയാണ്‌ ഇതാണ്‌ അന്യാഗ്നി.
ദിവസവും നമ്മുടെ സഭകളില്‍ എത്രയോപേര്‍ ഈ രീതിയില്‍ അന്യാഗ്നി കത്തിക്കുന്നു. ദൈവിക ഉറവുകളെ വിട്ടു സ്വന്ത ഉറവുകളില്‍ നിന്നും ആരാധന കഴിക്കുന്നു ആരാധന നടത്തുന്നു.
ദൈവം നമ്മുടെ ഭര്‍ത്താവായിരിക്കെ ദൈവത്തില്‍ നിന്നും തിരിഞ്ഞ്‌ നാം മറ്റാരിലേക്കു നോക്കിയാലും മറ്റെന്തു നമ്മുടെ സോത്രസ്സാക്കിയാലും അതു വ്യഭിചാരമാണ്‌. നമ്മുടെ ജാരന്മാരില്‍ മുഖ്യര്‍ പലപ്പോഴും നാം തന്നെയാണ്‌ എന്നത്‌ ഒരു വിരോധാഭാസമായി തോന്നാം. എന്നാല്‍ അതാണു സത്യം.
ഉസ്സിയാവിന്റെ ചരിത്രമെടുക്കുക. 2 ദിനവൃത്താന്തം 26-ാം അധ്യായത്തില്‍ അവന്റെ ചരിത്രം മുഴുവന്‍ കുറിച്ചിരിക്കുന്നു. പതിനാറു വയസ്സില്‍ രാജസ്ഥാനത്തെത്തി പ്രഗത്ഭനായി അന്ന്‌ അവനു ചുറ്റുമുള്ള സകലരെക്കാളും പ്രശക്തനും ശക്തനുമായി വളര്‍ന്നവന്‍. അവന്റെ പിതാവിനെപ്പോലെ യഹോവയ്‌ക്കു പ്രസാദമായതു ചെയ്‌തവന്‍. യഹോവയെ അന്വേഷിച്ചവന്‍ (2 ദിന. 26: 4,5) എന്നാല്‍ അവന്‍ ബലവാനായപ്പോള്‍ അവന്റെ ഹൃദയം അവന്റെ നാശത്തിനായിട്ടു നിഗളിച്ചു. അവന്‍ തന്നിലേക്കു തന്നെ നോക്കി താന്‍ കഴിവുള്ളവന്‍ എന്നു കണ്ടു. ധൂപം കാട്ടുവാന്‍ വിശുദ്ധീകരിക്കപ്പെട്ട അഹരോന്യരായ പുരോഹിതന്മാര്‍ക്കു മാത്രം ചെയ്യുവാന്‍ കഴിയുന്ന ധൂപാര്‍പ്പണത്തിനു ഉസ്സിയാവുരാജാവ്‌ ധൈര്യപ്പെട്ടു (2 ദിന. 26: 16-19).
ഉസ്സിയാവ്‌ ദൈവത്തിനു പുറംതിരിഞ്ഞ്‌ തന്നിലേക്കു തന്നെ നോക്കി. ദൈവത്തിന്റെ മുമ്പില്‍ നില്‌പ്പാനും ധൂപമര്‍പ്പിപ്പാനും തനിക്കു യോഗ്യതയുണ്ടെന്നു തനിക്കു തോന്നി. എല്ലാ മേഖലകളിലും കഴിവുതെളിയിച്ചിട്ടുള്ള തനിക്കു എന്തുകൊണ്ട്‌ ദേവാലയകാര്യങ്ങളില്‍ ഇടപെട്ടുകൂടാ എന്നായിരുന്നു അവന്റെ ചോദ്യം. അവന്‍ അവനിലേക്കു തന്നെ തിരിഞ്ഞു അവന്‍ സ്വേച്ഛാരാധകനായി.
കഴിവുകൂടിയതാണ്‌ ഇന്നു പലരുടെയും പ്രശ്‌നം. സെക്കുലര്‍ ജോലികളില്‍ കഴിവുതെളിയിച്ചിട്ടുള്ളവര്‍ അതേകഴിവുകൊണ്ട്‌ ആത്മീയത്തിലും പയറ്റിക്കളയാം എന്നു ചിന്തിക്കുമ്പോള്‍ രണ്ടും രണ്ടുലോകമാണെന്ന യാഥാര്‍ഥ്യം അവര്‍ മറന്നുപോകുന്നു. ആത്മീയതയുടെ സ്രോതസ്സ്‌ ബുദ്ധിയായിരിക്കരുത്‌. ദൈവം മാത്രമായിരിക്കണം. തന്ത്രപരമായി സഭഭരിക്കാന്‍ പരിശ്രമിക്കുന്ന ശുശ്രൂഷകന്‍ ദൈവത്തിനു പുറംതിരിഞ്ഞ്‌ അവരുടെ ഇച്ഛാശക്തിയെ പ്രണയിക്കുന്ന ജാരപ്രവൃത്തി നടത്തുകയാണ്‌. ആത്മീയശുശ്രൂഷയ്‌ക്ക്‌ ബുദ്ധി ആയുധമാക്കുന്നവന്‍ അന്യാഗ്നി കത്തിക്കുകയാണ്‌.
ദൈവത്തിങ്കലേക്കു മാത്രം നോക്കേണ്ട പുരോഹിതന്‍ ദൈവത്തിനു പുറംതിരിഞ്ഞ്‌ ജനങ്ങളിലേക്കു തിരിയുമ്പോഴും അവന്‍ അന്യാഗ്നി കത്തിക്കുകയാണ്‌. ശൗലിന്റെ കാര്യം ഉദാഹരണമായെടുക്കാം. ദൈവിക ആലോചനയെക്കാള്‍ ജനപ്രീതി വലുതായെടുത്ത രാജാവായിരുന്നു ശൗല്‍. ഫെലിസ്‌ത്യരോടുള്ള അവന്റെ സൈന്യത്തിന്റെ ഒരു ചെറിയവിജയത്തെ എബ്രായരെ മുഴുവന്‍ കേള്‍പ്പിക്കാന്‍ ദേശത്തെല്ലായിടത്തും കാഹളമൂതിച്ചവനാണ്‌ ശൗല്‍ (1ശമു. 13: 3). വീണ്ടുമൊരു യുദ്ധത്തിന്റെ നേരമായപ്പോള്‍ അവനു യാഗമര്‍പ്പിക്കാന്‍ ധൃതിയായി. ശമുവേല്‍ പറഞ്ഞൊത്ത സമയത്തു വന്നുചേര്‍ന്നില്ല. ജനങ്ങള്‍ക്കും മടുപ്പായി. അവര്‍ പലരും ശൗലിനെ വിട്ടുപോയി. ഇനി താമസിച്ചാല്‍ ജനം മുഴുവനും പൊയ്‌ക്കളയും എന്ന തിരിച്ചറിവില്‍ ശൗല്‍ തനിയെ യാഗമര്‍പ്പിക്കാന്‍ തയ്യാറായി (1ശമു. 13: 8-12).
ഇവിടെ ശൗല്‍ ചാടിക്കയറി യാഗമര്‍പ്പിക്കുന്നത്‌ എന്തുകൊണ്ട്‌? തന്റെ ജനപിന്തുണ നഷ്‌ടപ്പെടുന്നു എന്ന ഭീതികൊണ്ട്‌. യുദ്ധം ജയിക്കാന്‍ ജനം പിന്നിലുണ്ടായേ പറ്റൂ എന്ന്‌ ശൗല്‍ ചിന്തിച്ചു.``യുദ്ധം യഹോവയ്‌ക്കുള്ളത്‌'' എന്നു അവന്‍ ഓര്‍ത്തില്ല. കാര്യം നടക്കണമെങ്കില്‍ ജനപിന്തുണ ഉണ്ടായേ പറ്റൂ എന്ന ചിന്തിയില്‍ മുന്നോട്ടു പോകുന്നവര്‍ ദൈവത്തിനു പുറംതിരിഞ്ഞുനില്‌ക്കുന്നവരാണ്‌.
ശൗല്‍ `യാഗം കഴിച്ച്‌' വോട്ടുപിടിച്ചവന്‍ (ജനപിന്തുണയുണ്ടാക്കിയവന്‍) ആണ്‌. ജനപിന്തുണയ്‌ക്കായി പണംകൊടുക്കുന്നതും കൈയൂക്കു കാണിക്കുന്നതും നയം കാണിച്ചു മയക്കുന്നതും ആരാധിച്ചു കാണിക്കുന്നതും പ്രസംഗിക്കുന്നതുമെല്ലാം ഒരുപോലെ ദൈവസന്നിധിയില്‍ പാപമാണ്‌. അന്യാഗ്നി കത്തിക്കുകയാണ്‌. ആരാധന ദൈവത്തിനുള്ളതാണ്‌. അതു മനുഷ്യനു സുഖിക്കുന്ന രീതിയില്‍ മനുഷ്യന്റെ ഇഷ്‌ടത്തിനനുസരിച്ച്‌ നടത്തുമ്പോള്‍ അത്‌ അന്യാരാധനയാണ്‌.
ദൈവത്തിങ്കലേക്കു നോക്കിയിരിക്കേണ്ടവര്‍ പണത്തിലേക്കു തിരിയുമ്പോഴും ആരാധന അന്യാഗ്നികൊണ്ടു നടത്താന്‍ നാം പരിശ്രമം നടത്തുന്നു. വിശ്വസ്‌തതയില്‍ നിന്നുള്ള വ്യതിചലനമാണ്‌ അന്യാഗ്നി. അവരില്‍ ഉപദേശിക്കുന്നത്‌ ദൈവത്തിന്റെ സ്രോതസ്സില്‍ നിന്നല്ല, പ്രത്യുത ഒന്നും തിരിച്ചറിയാതെ തര്‍ക്കത്തിന്റെയും വാഗ്വാദത്തിന്റെയും ഭ്രാന്ത്‌ പിടിച്ച്‌ ചീര്‍ത്തിരിക്കുന്നു. അവയാല്‍ അസൂയ, ശണ്‌ഠ, ദൂഷണം, ദുസ്സംശയം, ദുര്‍ബുദ്ധികളും സത്യത്യാഗികളായ മനുഷ്യരുടെ വ്യര്‍ഥവാദം എന്നിവ ഉളവാകുന്നു. അവര്‍ ദൈവഭക്തി ആദായസൂത്രം എന്നു വിചാരിക്കുന്നു.... (1 തിമൊ. 6: 3-5).
ഭക്തി ആദായസൂത്രമാക്കിയവന്റെ മനസ്സ്‌ നിര്‍മലമല്ല. അവന്‍ കാന്തനോടുള്ള ഏകാഗ്രത സൂക്ഷിക്കുന്നില്ല. അവന്‌ ആരാധന ആദായമുണ്ടാക്കാനുള്ള ഒരു ഉപാധിയാണ്‌. അവന്‍ ആരാധനയിങ്കല്‍ ദൈവത്തിങ്കലേക്കല്ല, ധനത്തിലേക്കും മറ്റ്‌ ആദായങ്ങളിലേക്കുമാണ്‌ തിരിഞ്ഞിരിക്കുന്നത്‌. അവന്റെ ആദാധന ദൈവത്തിനു അന്യമാണ്‌. അവിടെ അഗ്നിയിറങ്ങിയാല്‍ യാഗവസ്‌തുവിനെയല്ല, യാഗമര്‍പ്പിക്കുന്നവരെയാകും അതു നശിപ്പിക്കുക.
നാദാബും അബിഹൂവും പിതാവ്‌ യാഗമര്‍പ്പിച്ചപ്പോള്‍ ആകാശത്തുനിന്നും തീയിറങ്ങി യാഗവസ്‌തുവിനെ ദഹിപ്പിച്ചതു കണ്ടവരാണ്‌. യഹോവയുടെ തേജസ്സിന്റെ കാഴ്‌ചയില്‍ ജനങ്ങള്‍ ആര്‍ത്തുവിളിച്ച്‌ സാഷ്‌ടാംഗം വീണ്‌ നമസ്‌കരിക്കുന്നതും അവര്‍ കണ്ടു. ആ കാഴ്‌ചയാകാം ജനങ്ങളുടെ മുമ്പില്‍ പ്രകടനം നടത്താന്‍ അവരെ പ്രേരിപ്പിച്ചത്‌. ഇതിനു സമാനമായ ഒരു സംഭവം പുതിയനിയമത്തിലുണ്ട്‌.
സ്‌തെഫാനോസിന്റെ രക്തസാക്ഷിത്വത്തിനുശേഷം പല സ്ഥലങ്ങളിലേക്കു ചിതറിപ്പോയ സഭാജനങ്ങള്‍ സുവിശേഷത്തെ മറ്റിടങ്ങളിലേക്കു വ്യാപിപ്പിക്കുമ്പോള്‍ ശമര്യാപട്ടണത്തില്‍ സുവിശേഷമറിയിച്ചത്‌ ഫിലിപ്പൊസാണ്‌. (അപ്പൊ. 8: 4മുതല്‍) ആ പട്ടണത്തില്‍ ശിമോന്‍ എന്ന ഒരു മന്ത്രവാദിയുണ്ടായിരുന്നു. അവന്‍ തന്നെത്തന്നെ ``മഹാന്‍'' എന്നാണു ജനങ്ങളെ അറിയിച്ചിരുന്നത്‌. ജനങ്ങളും അതു വിശ്വസിച്ചു. മന്ത്രവാദത്താല്‍ ശമര്യാപട്ടണത്തെ അത്ഭുതപ്പെടുത്തിയിരുന്ന ശിമോന്‍ പ്രശസ്‌തനും വെള്ളിവെളിച്ചത്തില്‍ തിളങ്ങിയവനുമായിരുന്നു.
എന്നാല്‍, ഫിലിപ്പോസിന്റെ പ്രവര്‍ത്തനത്തില്‍ ആളുകള്‍ സൗഖ്യമാകുകയും വീര്യപ്രവൃത്തികള്‍ നടക്കുകയും ചെയ്‌തപ്പോള്‍ ആളുകള്‍ ഫിലിപ്പോസിനെ ശ്രദ്ധിച്ചു. ഫിലിപ്പൊസ്‌ യേശുവിനെ പ്രസംഗിച്ചു. ശമര്യര്‍ യേശുവില്‍ വിശ്വസിച്ചു. ശിമോനും വിശ്വസിച്ചു സ്‌നാനമേറ്റു.
ശമര്യരുടെ വിശ്വാസം തിരിച്ചറിഞ്ഞ്‌ പത്രൊസും യോഹന്നാനും ശമര്യപട്ടണത്തില്‍ എത്തി. സ്‌നാനമേറ്റവരുടെമേല്‍ അവര്‍ കൈവെച്ചപ്പോള്‍ അവര്‍ക്കു പരിശുദ്ധാത്മാവു ലഭിച്ചു. അതു ശിമോനെ അത്ഭുതപ്പെടുത്തി. അവന്റെ പഴയമന്ത്രവാദത്തില്‍ എന്തെല്ലാം കളികള്‍ കളിച്ചാലാണ്‌ ഒരാളെ ഭൂതാവിഷ്‌ഠനാക്കാന്‍ കഴിയുക. ഇതിപ്പോള്‍ വെറുതെ തലയില്‍ കൈവെയ്‌ക്കുക ഉടനടി ആളുകള്‍ ആത്മാവില്‍ നിറയുക... അത്ഭുതം. ഈ കഴിവ്‌ തനിക്കു ലഭിച്ചിരുന്നെങ്കില്‍ എത്രപെട്ടെന്നു ആളുകളെ ആകര്‍ഷിക്കാമായിരുന്നു. ഈ ശുശ്രൂഷ തനിക്കും വേണം. ആ വിദ്യ തനിക്കും പഠിക്കണം.
ശിമോന്‍ അപ്പൊസ്‌തലന്മാര്‍ക്കു പണംകൊണ്ടുകൊടുത്തിട്ടു പറഞ്ഞു ``ഈ ദക്ഷിണ സ്വീകരിച്ച്‌ എന്നെക്കൂടെ ഈ വിദ്യപഠിപ്പിക്കണമേ''
പത്രൊസ്‌ അവനോട്‌ ``നീ ദൈവത്തിന്റെ ദാനം പണത്തിനു വാങ്ങാം എന്നു നിരൂപിക്കകൊണ്ട്‌ നിന്റെ പണം നിന്നോടുകൂടെ നശിച്ചുപോകട്ടെ... നിന്റെ ഹൃദയം ദൈവസന്നിധിയില്‍ നേരുള്ളതല്ലായ്‌കകൊണ്ട്‌ നിനക്കു ഈ കാര്യത്തില്‍ ഓഹരിയില്ല എന്നു പറഞ്ഞു.''
രണ്ടു കാര്യങ്ങള്‍ ഇവിടെ ശ്രദ്ധിക്കണം. ഒന്ന്‌ ശുശ്രൂഷ ``ദൈവത്തിന്റെ ദാനം'' ആണ്‌. അതിന്റെ ഉറവിടം ദൈവം മാത്രമായിരിക്കണം. അതു പഠിച്ചു ചെയ്യേണ്ടതല്ല. ശുശ്രൂഷയില്‍ പ്രകടനം കയറിവരുമ്പോള്‍ അത്‌ അന്യാഗ്നിയാണ്‌. മനുഷ്യര്‍ കാണേണ്ടതിനു ഞാന്‍ നടത്തുന്ന നീതിപ്രവൃത്തികളും പരസ്യത്തില്‍ ഞാന്‍ കൊടുക്കുന്ന ഭിക്ഷയും മനുഷ്യര്‍ക്കു വിളങ്ങേണ്ടതിനു ഞാന്‍ നടത്തുന്ന പ്രാര്‍ഥനയും (മത്താ. 6: 1,2,5,) എല്ലാം അന്യാഗ്നിയാണ്‌.
പത്രൊസ്‌ ശിമോനോടു പറയുന്ന രണ്ടാമത്തെ കാര്യം അവന്റെ ഹൃദയം നേരുള്ളതല്ല എന്നുള്ളതാണ്‌. നേരുള്ളതല്ല എന്നാല്‍ ഒഴിഞ്ഞതല്ല എന്നര്‍ഥം. അവന്റെ ഹൃദയത്തില്‍ മോഹങ്ങള്‍ ഒളിഞ്ഞുകിടപ്പുണ്ട്‌. ആരാധനയുടെ ഉറവിടം ദൈവമായിരിക്കണം. ലക്ഷ്യവും ദൈവമായിരിക്കണം. മോഹങ്ങള്‍ മനസ്സിലിട്ട്‌ പ്രാര്‍ഥിച്ചാല്‍ അതു അന്യാഗ്നിയാണെന്നു സാരം.
സ്വര്‍ഗത്തില്‍ നിന്ന്‌ അനുഗ്രഹത്തിന്റെ അഗ്നിയിറങ്ങിയതുകണ്ട ജനങ്ങള്‍ ഇപ്പോള്‍ തീയിറങ്ങുന്നതും കണ്ടു. മോശെയും അഹരോനും അഹരോന്റെ ശേഷിച്ച രണ്ടു മക്കളും അതുകണ്ടു. രണ്ടു മക്കള്‍ കത്തിക്കരിഞ്ഞു കിടക്കുന്നതുകണ്ട്‌ വിഷണ്ണനായി നില്‌ക്കുന്ന അഹരോനോടു മോശെ പറഞ്ഞു ``ഇതാണ്‌ പറഞ്ഞത്‌... എന്നോടു അടുക്കുന്നവരില്‍ ഞാന്‍ ശുദ്ധീകരിക്കപ്പെടും സര്‍വജനത്തിന്റെയും മുമ്പാകൈ ഞാന്‍ മഹത്ത്വപ്പെടും എന്നു യഹോവ അരുളിച്ചെയ്‌തിരുന്നുവല്ലോ''(ലേവ്യ. 10: 3).
രണ്ടുമക്കള്‍ ഒരുമിച്ച്‌ മരിച്ചുകിടക്കുന്ന പിതാവിനോട്‌ ഇപ്പറഞ്ഞത്‌ ക്രൂരതയായിപ്പോയില്ലേ എന്നു ചോദിച്ചേക്കാം. ശരിയാണ്‌, എന്നാല്‍ തലമുറകള്‍ നീളുന്ന പൗരോഹിത്യശുശ്രൂഷ അഹരോനും മക്കള്‍ക്കും ദൈവം കൊടുത്തെങ്കില്‍ അവര്‍ അതിന്റെ ഗൗരവം തിരിച്ചറിഞ്ഞേ പറ്റൂ. മക്കളുടെ മരണത്തിലും !
അഹരോന്‍ തന്റെ ശുശ്രൂഷയുടെ ഗൗരവം തിരിച്ചറിഞ്ഞു. അഹരോനോ മിണ്ടാതിരുന്നു. Aaron held his speace (ലേവ്യ 10: 3). ദൈവം കരുണയുള്ളവനാണെങ്കിലും ഒത്തുതീര്‍പ്പുകളില്ലാത്തവനാണ്‌.
സമര്‍പ്പണപ്രാര്‍ഥന:
കര്‍ത്താവേ, എന്റെ ഉറവുകളെല്ലാം നിന്നില്‍ നിന്നായിരിക്കുവാന്‍ ഞാന്‍ തീരുമാനിക്കുന്നു. നിന്റെ അഭിഷേകതൈലം എന്റെമേല്‍ ഇരിക്കുന്നുവല്ലോ. നിന്റെ കൂടാരത്തിന്റെ വാതില്‍ വിട്ടു പുറത്തുപോകാതെ അന്യമായതൊന്നും ഉള്ളില്‍ കയറ്റാതെ നിന്നില്‍ നിന്നും നിങ്കലേക്കു മാത്രവും ജീവിക്കുവാന്‍ എന്നെ സഹായിക്കണമേ ആമേന്‍.
തുടര്‍വായനയ്‌ക്ക്‌: വെളിപ്പാട്‌ 2: 19-23; എബ്രാ. 12: 18- 29


Other Related News in Vachana Dyanam
Adsense
Goodnews
Good News, Kerala, India
Ph: +91 619-668-51 . Fax +91 619-668-11
Copyright© GoodNews 2010. All Rights Reserved.
Goodnews